Technology
ഇനി വെയിലടിച്ച് പൊള്ളേണ്ട, വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി.
2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റിഗ്ലേസിങ്' കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്.
സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻപിൻ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി നിരാകരിച്ചു.ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിർത്താൻ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ആലപ്പുഴയിലെ സ്ഥാപനത്തിന് റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് കാണിച്ച് എംവിഡി നല്‍കിയ നോട്ടിസും ഫിലിം ഒട്ടിച്ചതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തിയ നടപടിയും കോടതി റദ്ദാക്കി.