inner-image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്‌ഇബി സമർപ്പിച്ച അപേക്ഷയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നടത്തിയ പൊതുതെളിവെടുപ്പില്‍ റെഗുലേറ്ററി കമ്മീഷനെ വിമർശിച്ച്‌ വൈദ്യുതി ഉപയോക്താക്കള്‍.നിരക്ക് വർധനയ്ക്ക് കമ്മീഷൻ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണമുയർത്തിയായിരുന്നു വിമർശനം. ഇതിനു പുറമേ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള കെഎസ്‌ഇബിയുടെ കരാർ റദ്ദാക്കിയ കമ്മീഷന്‍റെ നടപടിയെയും ജനം ചോദ്യം ചെയ്തു. അതുകൊണ്ടും അരിശം തീരാത്ത ഉപയോക്താക്കള്‍ കെഎസ്‌ഇബി ജീവനക്കാർക്കെതിരേയും തിരിഞ്ഞു. ഇതോടെ തെളിവെടുപ്പ് യോഗം ബഹളത്തിലും പോർവിളികളിലും ആക്രോശങ്ങളിലും മുങ്ങി. നിരക്ക് വർധന അനുവദിക്കരുതെന്നും നിലവിലെ നിരക്ക് പകുതിയായി കുറയ്ക്കണമെന്നുമുള്ള ആവശ്യമാണ് കണക്കുകള്‍ നിരത്തി ഉപയോക്താക്കളില്‍ ഭൂരിഭാഗവും കമ്മീഷനോട് ആവശ്യപ്പെട്ടത്. കെഎസ്‌ഇബി സിഎംഡി ബിജു പ്രഭാകർ ഉള്‍പ്പെടെയുള്ളവർ പ്രസംഗിക്കുന്നതിനിടെ ഉപയോക്താക്കള്‍ കൂക്കിവിളിയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ എതിർത്ത് കെഎസ്‌ഇബി യൂണിയൻ പ്രതിനിധികളും ജീവനക്കാരും രംഗത്തെത്തിയതോടെ ആക്രോശവും ബഹളവുമായി. കൈയാങ്കളി ഒഴിവാക്കാൻ പോലീസ് പല തവണ ഇടപെടല്‍ നടത്തി. കെഎസ്‌ഇബിക്കു പറയാനുള്ളത് കേള്‍ക്കാനല്ല പൊതുജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് തെളിവെടുപ്പെന്ന് വിളിച്ചു പറഞ്ഞ് ഉപയോക്താക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ കെഎസ്‌ഇബിയെ പ്രതിനിധീകരിച്ച്‌ എത്തിയ ആർക്കും തങ്ങളുടെ വിശദീകരണം പൂർത്തിയാക്കാനായില്ല. എല്ലാവരെയും കേട്ട ശേഷം മാത്രമേ തെളിവെടുപ്പ് അവസാനിക്കൂ എന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ ജോസ് ഉറപ്പു നല്‍കിയിട്ടും ജനം പിന്മാറിയില്ല. നിരക്ക് വർധനയ്ക്ക് റെഗുലേറ്ററി കമ്മീഷൻ കൂട്ടു നില്‍ക്കുകയാണെന്ന ആരോപണവും ഉയർന്നു. ഇതിനിടെ തെളിവെടുപ്പിന്‍റെ വീഡിയോ റിക്കാർഡിംഗ് ഉണ്ടെന്നും ബഹളക്കാരെ തിരിച്ചറിയാനുള്ള സംവിധാനം പോലീസിനുണ്ടെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞത് കൂടുതല്‍ ബഹളത്തിനിടയാക്കി. കെഎസ്‌ഇബിയെ തകർക്കുന്നത് ട്രേഡ് യൂണിയനുകളാണെന്നു പറഞ്ഞ ഉപയോക്താക്കള്‍ കെഎസ്‌ഇബി ജീവനക്കാർക്ക് ശന്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനു വേണ്ടിയാണ് നിരക്ക് വർധനയിലൂടെ പാവപ്പെട്ടവരെ പിഴിയുന്നതെന്ന വിമർശനം ഉയർത്തി. നഷ്ടത്തില്‍ നിന്ന് കരകയറാൻ കെഎസ്‌ഇബി ആദ്യം ചെയ്യേണ്ടത് ജീവനക്കാരെ കുറയ്ക്കുകയും അവരുടെ വലിയ വേതനം വെട്ടിക്കുറയ്ക്കുകയുമാണ് വേണ്ടതെന്ന് പലരും ചൂണ്ടിക്കാട്ടി. ജീവനക്കാർ അധികമാണെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിർദേശങ്ങള്‍ പൂർണമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രതിനിധി രംഗത്തെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ജീവനക്കാരും ഉപയോക്താക്കളും തമ്മില്‍ നേർക്കു നേർ പോർവിളിയായി. യോഗത്തിനെത്തിയവർ പ്രതിഷേധവുമായി ഡയസിലേക്ക് കയറി. ഇതോടെ മൈക്ക് ഓഫ് ചെയ്തു. ഇത് ഉപയോക്താക്കളെ കൂടുതല്‍ പ്രകോപിതരാക്കി. ബഹളം കനത്തതോടെ പോലീസ് ഇടപെട്ട് ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നതു മൂലം വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കെഎസ്‌ഇബി പരിഹരിക്കണം, ദ്വൈമാസ ബില്‍ അശാസ്ത്രീയമായതിനാല്‍ മാസം തോറും ഉപയോക്താക്കള്‍ക്ക് ബില്‍ നല്‍കണം, ബില്ലില്‍ ഓരോ ഇനത്തിലും ഈടാക്കുന്ന തുകയെ സംബന്ധിച്ച്‌ കെഎസ്‌ഇബി വിശദീകരിക്കണം, ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം, ഉപയോക്താക്കള്‍ മുഴുവൻ പണവും നല്‍കിയ മീറ്ററിന് പ്രതിമാസ വാടക ഈടാക്കുന്നത് പിൻവലിക്കണം, ഫിക്സഡ് ചാർജ് പിൻവലിക്കണം തുടങ്ങി നിരവധി നിർദേശങ്ങളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇക്കാര്യത്തിലെല്ലാം ആവശ്യമായ പരിശോധനയും നടപടിയും ഉണ്ടാകണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. വെള്ളയന്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളില്‍ നടന്ന തെളിവെടുപ്പില്‍ ഗാർഹിക ഉപയോക്താക്കള്‍, ചെറുകിട സംരംഭകർ, സോളാർ ഉപയോക്താക്കളുടെ സംഘടനകളുടെ പ്രതിനിധികള്‍, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image