ഹാജര്‍നില വെറും 10 ശതമാനം മാത്രം; എന്നിട്ടും ബിരുദം പാസാകാത്ത എസ്‌എഫ്‌ഐ നേതാവ് പിഎം ആര്‍ഷോയ്ക്ക് ബിരുദാനന്തര
ബി എ പരീക്ഷ പാസാകാത്ത എസ്‌എഫ്‌ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സില്‍ പ്രവേശനം നേടിയ പി.എം. ആർഷോയ്ക്ക് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം നല്‍കുകയായിരുന്നു.അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോയ്ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നല്‍കാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി ജി ക്ലാസില്‍ പ്രവേശനം നല്‍കിയത്.കേരള സർവ്വകലാശാലയുടെ കീഴിലുള്ള കായംകുളം എംഎസ്‌എം കോളേജില്‍ ബികോം പാസ്സാകാത്ത എസ്‌എഫ്‌ഐ പ്രവർത്തകനായ നിഖില്‍ തോമസിന് എംകോമിന് പ്രവേശനം നല്‍കിയതിന് സമാനമാണ് ഇപ്പോള്‍ ആര്‍ഷോയും പ്രവേശനം നേടിയത്. അന്ന് ആർഷോ നിഖില്‍ തോമസിന്റെ പ്രവേശനത്തെ ന്യായീകരിച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് സര്‍വകലാശാല നടത്തിയ അന്വേഷണത്തിനു ശേഷം നിഖില്‍ തോമസിന്റെ തുടര്‍ പഠനം സ്ഥിരമായി വിലക്കിയിരുന്നു. കാലടി സംസ്കൃത സർവ്വകലാശാലയിലും കഴിഞ്ഞ വർഷം ബി എ പാസ്സാകാത്ത ആറു വിദ്യാർഥികള്‍ക്ക് എം എ യ്ക്ക് പ്രവേശനം നല്‍കിയത് പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആർഷോ പഠിക്കുന്ന അർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളജ് കൃത്യമായി നടത്തുകയായിരുന്നു. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസള്‍ട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചതിനൊപ്പം പരീക്ഷ എഴുതാൻ യോഗ്യത ഇല്ലാത്ത ആർഷോയെ കൂടി പിജി ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അർഷോയ്ക്ക് MA ക്ലാസ്സിലേയ്ക്ക് കയറ്റം നല്‍കുന്നതിന് വേണ്ടി മനപ്പൂര്‍വമാണ് ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താഞ്ഞതെന്നും ആരോപണമുണ്ട്.മഹാരാജാസ് കോളജ് ഓട്ടോണമസ് ആയതു കൊണ്ട് കോളേജ് പ്രവേശനം,ഹാജർ, ക്ലാസ് കയറ്റം,പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയില്‍ എംജി സർവകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാൻ പോലും സർവകലാശാലാധികൃതർ തയ്യാറാകാതെ, പ്രിൻസിപ്പല്‍ ശുപാർശ ചെയ്യുന്ന വിദ്യാർത്ഥികള്‍ക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ചുമതലയാണ് സർവകലാശാലയ്ക്കുള്ളത്.13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റർ പിജി വിദ്യാർഥിയും കെഎസ്‌യു ഭാരവാഹിയുമായ അമല്‍ ടോമി ഹൈ ക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ എഴുതാന്‍ എത്തിയെങ്കിലും നിശ്ചിത ശതമാനം ഹാജരില്ലെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ അനുവദിച്ചില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 10 % മാത്രം ഹാജരുള്ള, ആറാം സെമസ്റ്റർ ബിരുദപരീക്ഷ ജയിക്കാത്ത ആർഷോയ്ക്ക് പിജി പ്രവേശനം നല്‍കിയത്.യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75% ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ. ഒന്നു മുതല്‍ ആറു വരെ സെമസ്റ്റർ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥ ഉണ്ട്. പഠനം തുടരുന്ന വിദ്യാർഥികള്‍ക്ക് ഏഴു മുതല്‍ 10 വരെ സെമസ്റ്ററുകളില്‍ 80 ക്രെഡിറ്റ് നേടിയാല്‍ പിജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളില്‍ നിന്നും ബി എ പരീക്ഷ പാസാകുന്നവർക്ക് ഏഴാം സെമസ്റ്ററില്‍ ലാറ്ററല്‍ എൻട്രി MA ക്ലാസ്സില്‍ പ്രവേശന നല്‍കുവാനും വ്യവസ്ഥയുണ്ട്.ഈ വ്യവസ്ഥ നിലനില്‍ക്കവേയാണ് കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കണ്‍ട്രോളറുടെയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത്. ആർഷോ ആദ്യ സെമസ്റ്റർ പരീക്ഷയില്‍ നൂറില്‍ നൂറു മാർക്കും നേടിയത് വലിയ വിവാദമായിരുന്നു.