Sports
IND vs BAN: ഇന്ത്യന്‍ ടി20 ടീമില്‍ ആരെല്ലാം? സൂര്യ തന്നെ നയിക്കുന്ന ടീമിൽ പുതുമുഖങ്ങൾക്ക് സാധ്യത.
ടീം ഇന്ത്യയുടെ അടുത്ത ടി20 മത്സരം അടുത്തമാസം ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലൂടെ തുടങ്ങുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ഗ്വാളിയോറിലാണ് ആദ്യ ടി20 പോരാട്ടം, തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒമ്പത്, 12 തിയ്യതികളിലും നടക്കും.
ഇന്ത്യന്‍ ടി20 ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുമെങ്കിലും, ചില പ്രധാന താരങ്ങൾക്ക് ഈ പരമ്പരയിൽ വിശ്രമം നൽകാൻ സാധ്യത ഉണ്ട്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയുമായുള്ള കടുപ്പമേറിയ ടെസ്റ്റ് പരമ്പരകൾ പരിഗണിച്ചാണ് സെലക്ടര്‍മാര്‍ ചില പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ തിരുമാനിക്കുന്നത് . ടി20 പരമ്പരക്ക് ശേഷമുള്ള നാല് ദിവസത്തിനകം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ന്യൂസിലാണ്ട് മത്സരം നടക്കാനിരിക്കുകയാണ്.
പുതിയ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഈ ടി20 പരമ്പരയിൽ വിശ്രമം നൽകാൻ സാധ്യതയുണ്ട്. പകരക്കാരനായി ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ളത് വെടിക്കെട്ട് ബാറ്ററും യുവതാരവുമായ അഭിഷേക് ശര്‍മയാണ്. സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറിയ അഭിഷേക്, തന്റെ ആദ്യമത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ, അഭിഷേക് ശര്‍മയും യശസ്വി ജയ്‌സ്വാളും ഓപ്പണറായി ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റുതുരാജ് ഗെയ്ക്വാദും ബാക്കപ്പ് ഓപ്പണറായി ടീമിലുണ്ടാകും.
ഇന്ത്യന്‍ ടി20 ടീമിന്റെ മധ്യനിരയിലേക്ക് വന്നാല്‍, ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ഫിനിഷർ റിങ്കു സിങ് ടീമിലുണ്ടായിരിക്കും. ഓള്‍റൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടായിരിക്കും. ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിൽ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും, ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം എടുക്കുകയായിരുന്നു. ഹാര്‍ദിക്കിനോടൊപ്പം, റിയാൻ പരാഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവരും ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ഓള്‍റൗണ്ടർമാരായിരിക്കും. എന്നാൽ, തിരക്കേറിയ മത്സര ഷെഡ്യൂൾ പരിഗണിച്ച് അക്ഷര്‍ പട്ടേലിനു വിശ്രമം നൽകാനാണ് സാധ്യത.
ഇന്ത്യയുടെ ടി20 വിക്കറ്റ്കീപ്പർമാരിലേക്ക് റിഷഭ് പന്തിന് വിശ്രമം അനുവദിച്ചാൽ മലയാളി താരമായ സഞ്ജു സാംസന് സാധ്യത കൂടും. ശ്രീലങ്കയുമായി കളിച്ച ടി20 പരമ്പരയിൽ സഞ്ജു ഡെക്ക് ആയെങ്കിലും , ബംഗ്ലാദേശുമായുള്ള പരമ്പര ഈ ക്ഷീണം തീർക്കാനുള്ള അവസരമായിരിക്കാം. സഞ്ജുവിനോടൊപ്പം, ധ്രുവ് ജുറേലും മറ്റൊരു വിക്കറ്റ്കീപ്പർ ആയിരിക്കും.
ബൗളിംഗ് ലൈനപ്പിൽ, സ്റ്റാർ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രവി ബിഷ്‌നോയ് മറ്റു സ്പിന്നറായി ചേരും. മൂന്നു പേസർമാരായി അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാർ, ഹര്‍ഷിത് റാണ എന്നിവർക്ക് പുറമെ ദിലീപ് ട്രോഫിയിലെ പുതുമുഖങ്ങൾക്കും സാധ്യത കൽപ്പിക്കപ്പെടുന്നു