Business & Economy
അദാനി വന്നതോടെ തിരുവനന്തപുരം വിമാനത്താവളത്തിന് ശുക്രനുദിച്ചു, 17 ദിവസം കൊണ്ട് എത്തിയത് രണ്ടരലക്ഷത്തോളം യാത്രക്കാര്‍
ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്തംബർ 1 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 2.36 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത്.കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇത് 2.07 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 14 ശതമാനമാണ് വർദ്ധന. ആഭ്യന്തര യാത്രക്കാർ 1.23 ലക്ഷവും രാജ്യാന്തര യാത്രക്കാർ 1.12 ലക്ഷവുമാണ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് സുഗമമായ സേവനങ്ങള്‍ ഉറപ്പുവരുത്താൻ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കുമായി 10 ദിവസം നീണ്ട ഓണാഘോഷപരിപാടികളും ഓസം ഓണം എന്ന പേരില്‍ ഷോപ്പിംഗ് ഫെസ്റ്റിവലും എയർപോർട്ടില്‍ ഒരുക്കിയിരുന്നു.
2024 - 25 സാമ്ബത്തിക വർഷത്തിന്റെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എ.ടി.എം) എണ്ണത്തിലും റെക്കാഡ് വർദ്ധനയുണ്ടായിരുന്നു. മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളം വഴി പറന്നത്. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. 2023-24 സാമ്ബത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. രണ്ടു ലക്ഷത്തിലേറെ യാത്രക്കാരാണ് ഇത്തവണ കൂടിയത്. ആകെ യാത്രക്കാരില്‍ 6.61 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 5.98 ലക്ഷം പേർ വിദേശ യാത്രക്കാരുമാണ്.2023 - 24ല്‍ 7954 എയർ ട്രാഫിക് മൂവ്‌മെന്റുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേസമയം 6887 ആയിരുന്നു എ.ടി.എം. 14 ശതമാനമാണ് വർദ്ധന. ഏറ്റവും കൂടുതല്‍ പേർ യാത്ര ചെയ്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ ഷാർജയും ആഭ്യന്തര എയർപോർട്ടുകളില്‍ ബംഗളൂരുവും ആണ് മുന്നില്‍.