ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തുന്ന ടെലിക്കോം കമ്ബനിയാകാനുള്ള തയാറെടുപ്പുകള്‍ കൂടുതല്‍ ശക്തമാക്കി ബിഎസ്‌എൻഎല്‍ (BSNL).തങ്ങളുടെ 5ജി പരീക്ഷണം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ
നാല് ഇന്ത്യൻ കമ്ബനികളുമായി ചേർന്നുകൊണ്ട് പ്രവർത്തിക്കാൻ ബിഎസ്‌എൻഎല്‍ തീരുമാനിച്ചു എന്ന് ഇടി, ടെലിക്കോം ടോക്ക് എന്നിവ റിപ്പോർട്ട് ചെയ്യുന്നു. ബിഎസ്‌എൻഎല്ലുമായുള്ള 5ജി ട്രയല്‍ സഹകരണം പ്രാദേശിക ടെക് നിർമ്മാതാക്കള്‍ക്കും വിതരണക്കാർക്കും വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ അവസരം നല്‍കും. അതായത് സ്വയം വളരുന്നതോടൊപ്പം രാജ്യത്തെ മറ്റ് കമ്ബനികളുടെ വളർച്ചയില്‍ താങ്ങാകാനും ഈ സഹകരണത്തിലൂടെ ബിഎസ്‌എൻഎല്ലിന് സാധിക്കും.
തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് 5ജി വ്യാപിപ്പിക്കാനാണ് ബിഎസ്‌എൻഎല്‍ നീക്കം. ഇതിനായി 5ജി പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഗലോർ നെറ്റ്വർക്ക്സ് (Galore Networks), വിവിഡിഎൻ ടെക്നോളജീസ് (VVDN Technologies), ലേഖ വയർലെസ് (Lekha Wireless), വൈസിഗ് (WiSig) തുടങ്ങിയ കമ്ബനികളാണ് BSNL-ൻ്റെ 5G പരീക്ഷനത്തിനായി സഹകരിക്കാൻ രംഗത്തെത്തിയിരിക്കുന്നത്.
ഒരു എക്ണോണമിക് ടൈംസ് റിപ്പോർട്ട് പറയുന്നത്, ലേഖ വയർലെസ് 5G ടെസ്റ്റിംഗിനായി ന്യൂഡല്‍ഹിയിലെ മിൻ്റോ റോഡില്‍ ബിഎസ്‌എൻഎല്ലുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നാണ്. എംടിഎൻഎല്ലിന്റെ ചാണക്യപുരി ലൊക്കേഷനില്‍ VVDN 5G വിന്യസിച്ചു. ഡല്‍ഹിയിലെ ഷാദിപൂർ, കരോള്‍ ബാഗ്, രാജേന്ദ്ര നഗർ എന്നിവിടങ്ങളില്‍ MTNL-ന് വേണ്ടി ഗലോർ നെറ്റ്‌വർക്കുകള്‍ 5G വിന്യസിക്കുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു.
ഒന്നോ മൂന്നോ മാസത്തിനുള്ളില്‍ ആരംഭിക്കാവുന്ന ബിഎസ്‌എൻഎല്‍ 5ജി ട്രയലുകള്‍ ക്യാപ്‌റ്റീവ് നോണ്‍ പബ്ലിക് നെറ്റ്‌വർക്കുകളിലും (സിഎൻപിഎൻ) ശ്രദ്ധ കേന്ദ്രീകരിക്കും. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ്, ബെംഗളൂരുവിലെ ഇൻഡോർ സർക്കാർ ഓഫീസുകള്‍- കാമ്ബസുകള്‍, ഡല്‍ഹിയിലെ സഞ്ചാർ ഭവനും ജെഎൻയു കാമ്ബസും ചുറ്റുമുള്ള പ്രദേശങ്ങളും, ഐഐടി ഡല്‍ഹി, ചെന്നൈയുടെ ചില ഭാഗങ്ങള്‍, ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിന് ചുറ്റും അല്ലെങ്കില്‍ ഗുരുഗ്രാമിൻ്റെ ചില ഭാഗങ്ങള്‍, ഐഐടി ഹൈദരാബാദ് കാമ്ബസ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ട്രയല്‍ നടത്തും.പ്രാഥമികമായി 700MHz ബാൻഡിലുള്ള സ്പെക്‌ട്രം ഉപയോഗിച്ചാകും ബിഎസ്‌എൻഎല്‍ 5ജി ട്രയല്‍ നടക്കുകയെന്നാണ് വിവരം. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തത്സമയ 5G ട്രയലുകള്‍ നടത്താനാണ് ബിഎസ്‌എൻഎല്‍ ശ്രമിക്കുന്നത്. സ്പെക്‌ട്രം, ടവറുകള്‍, ബാറ്ററി/പവർ സപ്ലൈ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കാൻ ബിഎസ്‌എൻഎല്‍ തയ്യാറാണ് എന്ന് വോയ്‌സ് ഓഫ് ഇന്ത്യൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എൻ്റർപ്രൈസസ് (വോയ്‌സ്) ഡയറക്ടർ ജനറല്‍ ആർകെ ഭട്‌നാഗർ പ്രസ്താവനയില്‍ പറഞ്ഞു.
ടാറ്റ കണ്‍സള്‍ട്ടൻസി സർവീസ് (TCS), തേജസ് നെറ്റ്വർക്ക്, വിഎൻഎല്‍, യുണൈറ്റഡ് ടെലിക്കോംസ്, കോറല്‍ ടെലിക്കോം, എച്ച്‌എഫ്സിഎല്‍ എന്നിവയുള്‍പ്പെടെയുള്ള തദ്ദേശീയ ടെലികോം കമ്ബനികളുടെ ഒരു ഗ്രൂപ്പിംഗാണ് VoICE എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ടെസ്റ്റുകള്‍ നടക്കുന്ന നെറ്റ്‌വർക്ക് ആർക്കിടെക്ചർ ഓപ്പണ്‍ RAN (റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക്) ആണ്, അവിടെ ഇന്ത്യൻ വെണ്ടർമാർ കോർ വിതരണം ചെയ്യുന്നു.
നിലവില്‍ 5ജി ട്രയലുകളുമായി ഒരു വശത്തുകൂടെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും മറുവശത്ത് ബിഎസ്‌എൻഎല്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് 4ജി വ്യാപനത്തിലാണ്. ഒരുലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കാനാണ് ബിഎസ്‌എൻഎല്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഈ ലക്ഷ്യത്തിന്റെ മുക്കാല്‍ പങ്കും കൈവരിക്കുകയും അടുത്ത വർഷത്തോടെ 4ജി വ്യാപനം പൂർത്തിയാക്കുകയും ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍.4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് അതിവേഗം 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. ബിഎസ്‌എൻഎല്ലിനെ എഴുതിത്തള്ളിയവർക്കുള്ള ശക്തമായ മറുപടിയായിരിക്കും 5ജി എന്നാണ് വിലയിരുത്തപ്പെടുന്നത്. കാലങ്ങളായി 4ജി പോലും ഇല്ലാതെ മുന്നോട്ട് പോയ ബിഎസ്‌എൻഎല്‍ നാശത്തിന്റെ വക്കിലെത്തിയിരുന്നു. അവിടെനിന്നാണ് സ്വകാര്യ കമ്ബനികളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ ബിഎസ്‌എൻഎല്‍ തിരിച്ചുവരവിന്റെ പാതയില്‍ മുന്നേറുന്നത്.