Politics
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സൂചന നല്‍കി അജിത് പവാര്‍
മുംബൈ : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ
ഞായറാഴ്ച ബാരാമതിയില്‍ നടന്ന പാർട്ടിയോഗത്തില്‍ സംസാരിക്കവെയാണ് അജിത്തിന്റെ സൂചന.വയസ്സ് 65 ആയെന്നും മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സംതൃപ്തനാണെന്നും പറഞ്ഞ അജിത്, ഇനി ബാരാമതിക്ക് പുതിയ എം.എല്‍.എയെയാണ് വേണ്ടതെന്നും താനിതുവരെ ചെയ്ത സേവനങ്ങള്‍ പുതിയ ആളുടേതുമായി ജനം താരതമ്യം ചെയ്യട്ടെയെന്നും കൂട്ടിച്ചേർത്തു.എൻ.സി.പി പിളർത്തി ബി.ജെ.പി പാളയത്തിലേക്ക് പോയ അജിത് പവാർ പക്ഷത്തിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ബാരാമതി ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച ഭാര്യ സുനേത്ര പവാറടക്കം തിരിച്ചടി നേരിട്ടു.
എല്ലാ വികസനങ്ങളും ഫണ്ടും ബാരാമതിയിലെത്തിച്ചിട്ടും തനിക്കെതിരായ നിലപാടാണ് ജനം സ്വീകരിച്ചത്. താനും മനുഷ്യനാണ്- എന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ കുറിച്ച് അജിത് പറഞ്ഞത്. ഇതുതന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.ബാരാമതി നിയമസഭ മണ്ഡലത്തില്‍ അജിത് പവാറിനെതിരെ ശരദ് പവാർ പക്ഷ എൻ.സി.പി ടിക്കറ്റില്‍ അജിത്തിന്റെ സഹോദര പുത്രൻ യോഗേന്ദ്ര പവാർ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.