താങ്ങാനാകുന്ന വിലയില്‍ ജനങ്ങള്‍ക്ക് മദ്യം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പുതിയ എക്സൈസ് നയത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി.പുതിയ നയത്തിലൂടെ 180 മില്ലിലിറ്റർ ഗുണനിലവാരമുള്ള മദ്യത്തിന്റെ ബോട്ടിലുകള്‍ 90 രൂപയ്ക്ക് സർക്കാർ വിപണിയില്‍ ലഭ്യമാക്കും. പുതിയ മദ്യനയം ഒക്ടോബർ ഒന്നിന് പ്രാബല്യത്തില്‍ വരും,
ഇതോടൊപ്പം മദ്യ വില്പനയ്‌ക്കായി സ്വകാര്യ റീട്ടെയില്‍ വില്പന സംവിധാനങ്ങളും തുറക്കും. സംസ്ഥാനമൊട്ടാകെ 3,736 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ഇതില്‍ പത്ത് ശതമാനം ഔട്ട്ലെറ്റുകള്‍ തെങ്ങു ചെത്ത് തൊഴിലാളികള്‍ക്ക് നറുക്കെടുപ്പിലൂടെ ലഭ്യമാക്കും. . ഗുണമേന്മയുള്ള മദ്യം താങ്ങാവുന്ന വിലയില്‍ വിപണിയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. തിരുപ്പതി ഒഴികെയുള്ള 12 സ്ഥലങ്ങളില്‍ പ്രീമിയം ഷോപ്പുകള്‍ തുറക്കുമെന്നും ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു.
നിയമനിർമ്മാണ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 33% സംവരണം നല്‍കാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി, കൂടാതെ സംസ്ഥാനത്ത് ഒരു ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സർവകലാശാലയും നൈപുണ്യ അക്കാദമിയും സ്ഥാപിക്കാനും തീരുമാനിച്ചു. ഭോഗാപുരം വിമാനത്താവളത്തിന് അല്ലൂരി സീതാരാമരാജു അന്താരാഷ്ട്ര വിമാനത്താവളം എന്ന് നാമകരണം ചെയ്യുന്നതിനും വികസിത ആന്ധ്രാ 2047 വിഷൻ ഡോക്യുമെൻ്റിനെ സ്വർണന്ദ്ര വിഷൻ ഡോക്യുമെൻ്റ് എന്ന് പുനർനാമകരണം ചെയ്യുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി, അത് നവംബർ ഒന്നിന് പുറത്തിറങ്ങും.