inner-image


'ലാഭത്തിലാക്കാം എന്നൊന്നും പറയുന്നില്ല, സ്വന്തം വരുമാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാക്കി കെഎസ്‌ആര്‍ടിസിയെ മാറ്റിയെടുക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.നഷ്ടമുണ്ടാകുന്ന മേഖലകള്‍ നോക്കി ആ ചോര്‍ച്ചകള്‍ അടയ്ക്കും' സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞ വാക്കുകളാണിത്. ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് മന്ത്രിയും ടീമും എത്തുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. വരുമാന ചോര്‍ച്ചയും നഷ്ടവും കുറയ്ക്കാനുള്ള നടപടികള്‍ ശക്തമാക്കിയതോടെ കെഎസ്‌ആര്‍ടിസിയുടെ കൂടുതല്‍ ഡിപ്പോകള്‍ ലാഭിത്തിലേക്ക് എന്നതാണ് സന്തോഷകരമായ വാര്‍ത്ത. 2024 ജൂലായ് മാസം ഒന്നാം തീയതി മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ കേരളത്തിലെ 73 ഡിപ്പോകള്‍ ലാഭത്തിലാണ്. ജൂലായ്ക്ക് മുമ്ബ് ഇത് 52 ഡിപ്പോകളായിരുന്നു. 21 ഡിപ്പോകള്‍ കൂടി പുതിയതായി ലാഭത്തിലായപ്പോള്‍ സംസ്ഥാനത്ത് 20 ഡിപ്പോകള്‍ ഇപ്പോഴും നഷ്ടത്തിലാണ്. സോണ്‍ തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ സൗത്ത് സോണ്‍ ആണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നത്. ജൂലായ് ഒന്ന് മുതലുള്ള കണക്കില്‍ 3.59 കോടിയാണ് സോണിലെ ലാഭം. ഇതേ കാലയളവില്‍ സെന്‍ട്രല്‍ സോണ്‍ 1.98 കോടിയുടെ ലാഭവും നോര്‍ത്ത് സോണ്‍ 1.62 കോടിയുടെ ലാഭവും നേടിയെടുത്തു.സ്ഥിരമായി നഷ്ടത്തിലോടുന്ന റൂട്ടുകള്‍ റദ്ദാക്കിയും കേടായ ബസുകള്‍ അറ്റകുറ്റപണികള്‍ നടത്തി സര്‍വീസ് നടത്തിയുമാണ് കെഎസ്‌ആര്‍ടിസി നഷ്ടം കുറച്ചത്. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ സര്‍വീസുകള്‍ നിര്‍ത്തി. ഇതുവഴി ഡീസല്‍, സ്പെയര്‍ പാര്‍ട്സ് ചെലവുകള്‍ കുറക്കാനായെന്നാണ് വിലയിരുത്തല്‍. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ സര്‍വീസുകള്‍ കാര്യക്ഷമമാക്കി. ലാഭകരമായ പുതിയ റൂട്ടുകള്‍ കണ്ടെത്തി സര്‍വീസ് നടത്താനും കോര്‍പ്പറേഷന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിനായി കേടായ ബസുകള്‍ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പല ഡിപ്പോകളിലും അധികമുള്ള ജീവനക്കാരെ ഇത്തരത്തില്‍ പുതിയ റൂട്ടുകളിലേക്ക് നിയോഗിക്കുകയും ചെയ്യുന്നതാണ് മറ്റൊരു രീതി.
Ad Image Ad Image Ad Image Ad Image Ad Image Ad Image