Local News
തടിലോറി ദേഹത്ത് കൂടി കയറിയിറങ്ങി നാടോടികളായ 5 പേർക്ക് ദാരുണാന്ത്യം

തൃപ്രയാർ : നാട്ടികയില്‍ തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന നാടോടികളായ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 10 പേർ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികിൽ ഉറങ്ങിക്കിടന്നിരുന്നത്. ഇതിൽ അഞ്ചു പേരാണ് മരിച്ചത്. ഗുരുതരമായ പരുക്കുകളോടെ മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരദേശ ഹൈവേ നിർമ്മാണം നടക്കുന്ന ഭാഗമാണിത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.മൃതദേഹങ്ങൾ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
