inner-image

ഡല്‍ഹി: 2,500 കോടി രൂപ ചെലവില്‍ നാവികസേനയ്‌ക്കായി ആളില്ല അന്തർവാഹിനികള്‍ക്ക് നിർമ്മിക്കാനുള്ള പദ്ധതികള്‍ക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി.അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതിയുടെ ടെൻഡർ നടപടികള്‍ ആരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ കപ്പല്‍ശാലകളിലാണ് നിർമാണം നടക്കുക. ഉയർന്ന പ്രഹരശേഷിയുള്ള എക്‌സ്‌ട്രാ ലാർജ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അന്തവാഹിനികള്‍ക്ക്, ഉപരിതല കപ്പലുകളെയും ആക്രമിക്കാൻ സാധിക്കും.മൈനുകള്‍ സ്ഥാപിക്കല്‍, മൈൻ ക്ലിയറിംഗ് , നിരീക്ഷണം, ആയുധങ്ങള്‍ ക്യത്യസ്ഥാനത്തേക്ക് വിക്ഷേപിക്കല്‍ തുടങ്ങിയ നിരവധി പ്രവർത്തനങ്ങള്‍ ഒരേ സമയം നിർവഹിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇതിന്റെ രൂപഘടന. തീരത്ത് നിന്ന് വളരെ ദൂരെ മണിക്കൂറുകളോളം വെള്ളത്തിനടിയില്‍ കഴിയാനും ഇവയ്‌ക്ക് സാധിക്കും. ഡൈവർമാർക്ക് അതിജീവിക്കാൻ കഴിയാത്ത ആഴങ്ങളില്‍പ്പോലും അന്തർവാഹികള്‍ പ്രവർത്തിക്കും. ഒന്നിലധികം ഓപ്പറേഷനുകള്‍ ഒരേസമയം നടത്താൻ ഇത് സേനയെ സഹായിക്കുമെന്ന് മുൻ നാവികസേനാ വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ്‌എൻ ഘോർമഡെ പറഞ്ഞു.2035 ആകുമ്ബോഴേക്കും 175 പടക്കപ്പലുകളുള്ള സുസജ്ജമായൊരു നാവികശക്തിയാവുക എന്ന ലക്ഷ്യമിട്ടാണ് ഇന്ത്യൻ നാവിക സേന മുന്നോട്ടു പോകുന്നത്. തദ്ദേശീയമായിത്തന്നെ പടക്കപ്പലുകള്‍ നിർമ്മിക്കുന്നതോടെ ഇക്കാര്യത്തില്‍ നമുക്കിനി വിദേശ ശക്തികളെ ആശ്രയിക്കേണ്ടി വരില്ല. നിർമ്മാണത്തിലിരിക്കുന്ന 43 യുദ്ധക്കപ്പലുകളില്‍ 41 എണ്ണവും ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യൻ ഷിപ്പ്‌യാർഡുകളില്‍ത്തന്നെയാണ് നിർമ്മിക്കുന്നത്.7800 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സമുദ്രാതിർത്തി സംരക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് ഇന്ത്യൻ നാവിക സേനയ്‌ക്കുള്ളത്. ഇന്ത്യൻ മഹാ സമുദ്രത്തിലെ സുരക്ഷ മേല്‍ നോട്ടം മാത്രമല്ല, വർദ്ധിച്ചു വരുന്ന കടല്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത്, സായുധ കൊള്ള, മനുഷ്യക്കടത്ത്, തീവ്രവാദം, കടല്‍ക്കൊള്ള, കടലിലെ മറ്റ് ക്രിമിനല്‍ പ്രവൃത്തികള്‍, അനധികൃത കുടിയേറ്റങ്ങള്‍, അനധികൃത മല്‍സ്യ ബന്ധനം, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയൊക്കെ നേരിടുക എന്നത് ഇന്ത്യൻ നാവികസേനയുടെ ചുമതലകളാണിന്ന്.

Ad Image Ad Image Ad Image Ad Image Ad Image Ad Image