Business & Economy
ഓണത്തിലെ മദ്യവിൽപനയിൽ ഇടിവ്; കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവ്.
കേരളത്തിൽ ഓണക്കാലത്തുള്ള മദ്യവില്‍പ്പനയിൽ കുറവ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2023 ൽ 715 കോടിയുടെ മദ്യമാണ് ഇതേസമയം വിറ്റഴിച്ചത്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകളുടെ മാത്രം കണക്കാണിത്
അതേ സമയം ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന കുടിയിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. നാലു കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ന് ബെവ്‌കോ അവധിയാണ്. നാളെയും കൂടിയുള്ള വില്പനയുടെ അടിസ്ഥാനത്തിലാണ് ഓണക്കാലത്തെ മൊത്തം വില്‍പ്പന നിശ്ചയിക്കുന്നത്.
2023ൽ റെക്കോർഡ് വിൽപ്പനയായിരുന്നു ബെവ്കോയ്ക്ക്. 10 ദിവസം കൊണ്ട് 759 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2022ലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 59 കോടി കൂടുതല്‍. സർക്കാർ നിർമ്മിക്കുന്ന ജനപ്രിയ ബ്രാൻഡായ ജവാൻ മാത്രം 6,35,000 ലിറ്ററാണ് കഴിഞ്ഞ വര്‍ഷം ചെലവായത്. അതു കണക്കിലെടുത്ത് ഓണത്തിന് മുന്നോടിയായി സർക്കാർ ജവാന്റെ ഉത്പാദനം വർദ്ധിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷവും തിരുവോണത്തിന് ബെവ്കോ അവധിയായിരുന്നു. ഓണം അവധി സീരിസിൽ തിരുവോണത്തിന് മാത്രമാണ് അവധിയുള്ളത്. തിരുവോണത്തിന് ശേഷം അവധി വരുന്നത് ശ്രീനാരായണ ഗുരു സമാധിക്ക് മാത്രമാണ്. കൺസ്യൂമർ ഫെഡിൻ്റെ ഷോപ്പുകൾക്കും ഇന്ന് അവധിയാണ്. എന്നാൽ സംസ്ഥാനത്തെ ബാറുകൾ ഇന്നും പ്രവർത്തിക്കുന്നുണ്ട്.