പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്ഷന് പദ്ധതി കുട്ടികളിലേക്കും; എന്.പി.എസ് വാത്സല്യക്ക് തുടക്കമായി
രക്ഷിതാക്കള്ക്ക് കുട്ടികളുടെ പേരില് ആരംഭിക്കാവുന്ന പെന്ഷന് പദ്ധതിയായ എന്.പി.എസ് വാത്സല്യ ധനമന്ത്രി നിര്മല സീതാരാമന് ഉദ്ഘാടനം ചെയ്തു.മക്കളുടെ ഭാവി ശോഭനമാക്കാനും വാര്ധക്യ കാലത്ത് മെച്ചപ്പെട്ട പെന്ഷനും ആനുകൂല്യങ്ങളും ലഭ്യമാക്കാനും സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. ചുരുങ്ങിയത് 1000 രൂപ മക്കളുടെ പേരില് നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാവാം. രക്ഷിതാക്കള്ക്ക് ഓണ്ലൈനായോ, ബാങ്ക്, തപാല് ഓഫീസ് വഴിയോ പണമടയ്ക്കാം. എല്ലാ വര്ഷവും ചുരുങ്ങിയത് 1000 രൂപ ഈ അക്കൗണ്ടില് നിക്ഷേപിക്കണം. നിലവിലുള്ള നാഷനല് പെന്ഷന് സ്കീം (NPS) കുട്ടികളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. എന്.പി.എസില് നിലവില് 1.86 കോടി വരിക്കാരും, 13 ലക്ഷം കോടി നിക്ഷേപവുമുണ്ട്. 18 വയസിന് താഴെയുള്ളവരുടെ പേരിലാണ് അക്കൗണ്ട് തുടങ്ങാനാവുക. 18 വയസ് പൂര്ത്തിയാക്കുന്ന മുറയ്ക്ക് സാധാരണ എന്.പി.എസിലേക്ക് സ്വമേധയാ മാറും. 60 വയസ് പൂര്ത്തിയാക്കുന്ന മുറയ്ക്ക് പെന്ഷന് ലഭിച്ച് തുടങ്ങും. നിക്ഷേപം പിന്വലിക്കുന്നതിന് നിബന്ധനകളുണ്ട്.