inner-image


കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ വനിതാ ഡോക്‌ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നും അതിനാൽ ലൈംഗികാതിക്രമം നടത്തിയത്‌ ഒരാള്‍ മാത്രമാവാനാണ് സാധ്യതയെന്ന് സിബിഐ. പോലീസ്‌ കസ്റ്റഡിയിലുള്ള സഞ്‌ജയ്‌ റോയ്‌ മാത്രമാണു പ്രതിയെന്നും സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കൊല്ലപ്പെട്ട ഡോക്‌ടറുടെ ശരീരത്തില്‍നിന്നു ശേഖരിച്ച സാംപിളുകള്‍ പ്രതിയുടെ ഡി.എന്‍.എയുമായി സാമ്യമുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഫോറന്‍സിക്‌, ഡി.എന്‍.എ. പരിശോധനകളിലും കൂടുതല്‍ ആളുകളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

      ഇതോടെയാണ്‌ അറസ്‌റ്റിലായ സഞ്‌ജയ്‌ റോയിയെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചത്‌. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്‌തമാക്കി. സംഭവം നടന്ന്‌ ഇത്രയും ദിവസമായിട്ടും അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട്‌ സി.ബി.ഐ. പുറത്തുവിട്ടിട്ടില്ലെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞയാഴ്‌ച ഉന്നയിച്ചിരുന്നു. കൊല്‍ക്കത്ത പോലീസ്‌ അന്വേഷിച്ചിരുന്ന സമയത്ത് വാര്‍ത്താ സമ്മേളനങ്ങളിലൂടെ സ്‌ഥിരമായി വിവരങ്ങള്‍ നല്‍കിയിരുന്നു. തല്‍സ്‌ഥിതി റിപ്പോര്‍ട്ട്‌ ഈ മാസം 17-ന്‌ സി.ബി.ഐ. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

       ആശുപത്രിയിലെ സാമ്ബത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട്‌ ഡോ. ഘോഷിനെ സി.ബി.ഐ. അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ഡോ. ഘോഷിനെ ബംഗാള്‍ സര്‍ക്കാരും സംസ്‌ഥാന ഡോക്‌ടര്‍മാരുടെ സംഘടനയും സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇയാളെ നേരത്തേ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. കൊല്‍ക്കത്ത പോലീസില്‍നിന്ന്‌ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ, ആര്‍.ജി. കര്‍ ആശുപത്രി മുന്‍മേധാവി ഡോ. സന്ദീപ്‌ ഘോഷിന്റെ ഉള്‍പ്പെടെ 10 പോളിഗ്രാഫ്‌ പരിശോധനകള്‍ നടത്തുകയും നൂറിലധികം മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്‌തു. പ്രതികളുടെ ഡി.എന്‍.എ. പരിശോധനാ റിപ്പോര്‍ട്ട്‌ ഡല്‍ഹിയിലെ എയിംസ്‌ ആശുപത്രിയില്‍നിന്ന്‌ ലഭിച്ചശേഷം അന്വേഷണം അവസാനിപ്പിക്കാനാണ്‌ സി.ബി.ഐയുടെ നീക്കം.

Ad Image Ad Image Ad Image Ad Image Ad Image Ad Image