മാത്യു തോമസിൻ്റെ "കപ്പ്" റിലീസ് സെപ്റ്റംബർ 27ന്
അൽഫോൺസ് പുത്രൻ അവതരിപ്പിച്ച് സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന "കപ്പ്" സെപ്റ്റംബർ 27ന് റിലീസ് ചെയ്യുന്നു. മാത്യു തോമസ് കേന്ദ്രകഥാപാത്രമാവുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ ചേർന്നാണ്. പതുമുഖം റിയാ ഷിബു നായികയാകുന്ന ഈ ചിത്രത്തിൽ നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു.അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റെൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിൻ്റെ കഥ പറയുന്നു.
ബാഡ്മിന്റണിൽ ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്ന യുവാവിൻ്റെ സ്വപ്നങ്ങളുടെയും ശ്രമങ്ങളുടെയും കൂടെ വീടും നാടും സ്കൂളുമൊക്കെ ചേരുകയും ആ ശ്രമങ്ങൾക്കിടയിൽ ഉണ്ടാകുന്ന പ്രതിസന്ധികളും , അതിനിടയിലൂടെ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ളീൻ എൻ്റർടൈനറാണ് ഈ ചിത്രം. മലയോരഗ്രാമങ്ങളിലെ ആചാരാനുഷ്ടാനങ്ങളും ഈ ചിത്രത്തിന്റെ പ്രധാന ഘടകമാണ്.
ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആൻ്റണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, അനിഖ,തുഷാര, മൃണാളിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഛായാഗ്രഹണം നിഖിൽ പ്രവീണ്ണും എഡിറ്റിംഗ് റെക്സൺ ജോസഫും നിർവഹിക്കുന്നു .